ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

പേരാവൂർ ഗ്രാമപഞ്ചായത്ത്

ചരിത്രം

സാമൂഹ്യ സാംസ്കാരിക ചരിത്രം

വിദേശാധിപത്യത്തിനെതിരെ പോരാടിയ പഴശ്ശി രാജാവിന്റെ ചരിത്രവുമായി ബന്ധമുള്ള പ്രദേശമാണ് പേരാവൂര്‍ എന്ന ഈ ഗ്രാമം. അദ്ദേഹത്തിന്റെ പ്രധാന ഒളിത്താവളങ്ങളിലൊന്നായിരുന്നു പുരളിമലയിലെ ഹരിശ്ചന്ദ്രകോട്ട. ഇവിടം കേന്ദ്രീകരിച്ചാണ് അദ്ദേഹം തന്റെ സൈന്യശേഖരണവും യുദ്ധതന്ത്രവും കരുപിടിപ്പിച്ചിരുന്നത്. പ്രസ്തുത കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. പഴശ്ശിയുടെ മറ്റൊരു താവളമായിരുന്നു ഇരിപ്രകുന്ന്. ഇതും പേരാവൂര്‍ ടൌണ്‍ പരിസരത്തു തന്നെയാണ്. ഇവിടെയും ചെറിയൊരു കോട്ടയുടെ അവശിഷ്ടം കാണാം. മണത്തണയിലും ഇത്തരം ഒളിസങ്കേതത്തിന്റെ അവശിഷ്ടമുണ്ട്. യുദ്ധത്തിന് ഭടന്‍മാരെ പരിശീലിപ്പിക്കുന്നതിനും, ശത്രുവിനെതിരെ യുദ്ധതന്ത്രങ്ങള്‍ നടപ്പിലാക്കാനും ഈ താവളങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ നാട്ടുകൂട്ടം വിളിച്ചുചേര്‍ത്ത് ജനങ്ങളെ തന്റെ പിന്നില്‍ അണിനിരത്തുവാനും ഈ സങ്കേതങ്ങള്‍ പഴശ്ശി ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ഉത്തരകാശിയെന്നറിയപ്പെടുന്ന സുപ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഐതിഹ്യങ്ങളിലും ഈ പ്രദേശത്തിന് സ്ഥാനമുണ്ട്. ഇതോടനുബന്ധിച്ചു പ്രത്യേക പൂജകളും മറ്റും നടക്കുന്ന നിരവധി സ്ഥാനങ്ങള്‍ ഇവിടെയുണ്ട്. വളരെ പഴക്കമുള്ള അനേകം ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഈ പ്രദേശത്തിന് ചെറിയ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദേശീയനേതാവായി ഉയര്‍ന്ന എന്‍.ഇ.ബാലറാം പേരാവൂരില്‍ സ്കൂള്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 1920-കളിലും 30-കളിലും തിരുവിതാംകൂറില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകര്‍ ഈ പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. 1954-ല്‍ ആദ്യമായി പഞ്ചായത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പേരാവൂര്‍ പഞ്ചായത്ത് നിലവില്‍ വന്നിരുന്നില്ല. ഇന്നത്തെ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ എന്നീ പഞ്ചായത്തുപ്രദേശങ്ങളുള്‍പ്പെട്ട കാപ്പാട് ദേശവും, ഇപ്പോഴത്തെ മണത്തണ വില്ലേജടങ്ങിയ മണത്തണ പഞ്ചായത്തുമായിരുന്നു അന്നുണ്ടായിരുന്നത്. 1962-ലാണ് പേരാവൂര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. ഇപ്പോഴത്തെ മണത്തണ വില്ലേജും, മുമ്പത്തെ വേക്കളം പഞ്ചായത്തിന്റെ ഭാഗമായിരുന്ന തൊണ്ടിയില്‍ തിരുവോണപ്രം, കുനിത്തല ദേശങ്ങളും, തോലമ്പ്ര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വെള്ളര്‍വള്ളി, കോട്ടുമങ്ങ ദേശങ്ങളും ചേര്‍ന്നാണ് പേരാവൂര്‍ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. തെങ്ങ്, റബ്ബര്‍, കശുമാവ്, കവുങ്ങ്, തുടങ്ങിയ നാണ്യവിളകളും മാവ്, പ്ളാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളും നെല്ല്, വാഴ, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടെ കൃഷിചെയ്തുവരുന്നു. 1925-30 കാലഘട്ടത്തില്‍ കുടിയേറ്റക്കാരുടെ ആഗമനത്തോടെയാണ് ഈ പഞ്ചായത്തില്‍ കാര്‍ഷിക രംഗത്ത് വന്‍ പുരോഗതി കൈവന്നു തുടങ്ങിയത്. ഇക്കാലത്ത് മലമേടുകളില്‍ കപ്പ, റബ്ബര്‍, ഇഞ്ചി, പുതിയ ഇനം കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയ്തു തുടങ്ങി. പഞ്ചായത്തിലെ ആദ്യഗ്രന്ഥാലയം 1949-ല്‍ മുരിങ്ങോടിയില്‍ ആരംഭിച്ച കൈരളി വായനശാലയായിരുന്നു. പേരാവൂര്‍ തെരുവിലുള്ള പഞ്ചായത്തുസാംസ്കാരിക നിലയത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയവും, തുണ്ടിയിലെ പഞ്ചായത്തുവായനശാല ആന്റ് ഗ്രന്ഥാലയവും, പുതുശ്ശേരിയിലെ നവോദയ വായനശാല ആന്റ് ഗ്രന്ഥാലയവും, അഴോത്തുംചാലിലെ സന്തോഷ് സ്മാരക വായനശാലയും ഗ്രന്ഥാലയവുമാണ് പ്രധാനഗ്രന്ഥശാലകള്‍.